ജസ്റ്റിസ് മണികുമാറിനെ സർക്കാർ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായി നിയമിച്ചു

തിരുവനന്തപുരം : ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ച് കേരള സർക്കാർ. പ്രതിപക്ഷ നേതാവ് വിഷയത്തിൽ വിയോജനക്കുറിപ്പ് നൽകിയിട്ടും എ എൻ ഷംസീറും മുഖ്യമന്ത്രിയും നിയമനത്തെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു. 2006 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹം 2019 ഒക്ടോബർ 11 നായിരുന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന സമിതി ഏകകണ്ഠമായാണ് മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നതെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷനേതാവിന്റെ വിയോജിപ്പ് നിയമനത്തിന് നിയമപരമായി യാതൊരു തടസ്സവുമുണ്ടാക്കില്ല.

കേരള ഹൈക്കോടതിയിൽ നിന്ന് മണികുമാർ വിരമിച്ചത് ഏപ്രിൽ 24 നായിരുന്നു. കോവളത്ത് പിണറായി സർക്കാർ മണികുമാറിന് യാത്രയയപ്പ് നൽകിയത് ആ സമയം വൻ വിവാദം സൃഷ്ടിച്ചിരുന്നു. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ വി ഡി സതീശൻ വിശദമായ വിയോജനക്കുറിപ്പ് സർക്കാരിന് നൽകാൻ ഒരുങ്ങുകയാണ്.