കണ്ണൂർ : മിത്ത് വിവാദത്തിൽ പറഞ്ഞതൊന്നും തിരുത്താൻ ആരും ശ്രമം നടത്തിയിട്ടില്ലെന്ന് മന്ത്രി. കേരളത്തിലെ മതങ്ങളെ വേർതിരിപ്പിക്കാനുള്ള ശ്രമമാണ് മിത്ത് വിവാദത്തിലൂടെ നടന്ന് വരുന്നത്. ഒരു മതത്തിനും എതിരായി സ്പീക്കർ എം എൻ ഷംസീർ പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറി കാര്യങ്ങൾ വളരെ വ്യക്തമാക്കിയിട്ടും ഈ വിഷയത്തെ ആളിപടർത്തുന്നത് സംഘപരിവാർ അജണ്ട നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്‌പീക്കറുടെ പേര് ഗോഡ്സെയെന്നാണെങ്കിൽ സുരേന്ദ്രൻ ആലിംഗനം ചെയ്ത് സിന്ദാബാദ് വിളിക്കുമായിരുന്നെന്നും മന്ത്രി വിമർശിച്ചു. അതേ സമയം മിത്ത് വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കുകയാണ് എൻ എസ് എസ്.
ഷംസീറിന്റെ പരാമർശം വിവാദമായപ്പോൾ പറഞ്ഞ പ്രതികരണം എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ഗണപതി മിത്താണെന്ന് ഞാനും സ്‌പീക്കറും പറഞ്ഞിട്ടില്ലെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയുടെ തിരുത്ത്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടാക്കിയതെന്ന വിശ്വാസം മിത്താണ്. വിശ്വാസികൾ അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാര വേലകളാണ് കേരളത്തിൽ നടക്കുന്നതെന്നുമായിരുന്നു ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

