തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസവുമായി ഹരീഷ് പേരടി. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ വിവാദങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു നടന്റെ പരിഹാസം. അടുത്ത തവണ എൽ ഡി എഫ് ഭരണത്തിൽ വന്നാൽ സാംസ്കാരിക മന്ത്രി രഞ്ജിത്താകുമെന്നും അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുത്താൽ മതിയെന്നുമായിരുന്നു പേരടിയുടെ വാക്കുകൾ. നിങ്ങൾക്കെതിരെ അന്വേഷണമെന്ന് കേട്ടപ്പോൾ ഞാൻ ചിരിച്ച് മടുത്തു. നമുക്ക് വേണ്ടപ്പെട്ട അടിമകളെ കൊണ്ട് അവാർഡ് പ്രഖ്യാപിച്ച പോലെ നമ്മുടെ കാര്യസ്ഥന്മാർ അന്വേഷണം നടത്തുന്നു. അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടിയതാണ് പ്രശ്‌നമായത്.
അവർക്കുള്ള പണി പതിയെ നൽകാം. അവസാനവിജയം നമുക്കാണെന്ന് ഈ നാലാം കിട പ്രതിഷേധക്കാർക്ക് അറിയില്ലല്ലോ. എന്തായാലും അടുത്ത സാംസ്കാരിക മന്ത്രി രഞ്ജിത്ത് ചേട്ടനാകുമെന്നുള്ളത് ആരോടും പറയണ്ട. സജി ചെറിയാൻ ഇത് അറിഞ്ഞാൽ ഈഗോ ക്ലാഷ് വരുമെന്നതായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. പരിഹാസ രൂപേണയാണെങ്കിലും രൂക്ഷ വിമർശനമാണ് രഞ്ജിത്തിനും സർക്കാരിനുമെതിരെ ഹരീഷ് ഉന്നയിച്ചിരിക്കുന്നത്.

