കനത്ത സുരക്ഷയിൽ ഗ്യാൻ വ്യാപി പള്ളിയിൽ സർവേ തുടങ്ങി

ലക്നൗ : യു പി വാരാണസിയിലെ ഗ്യാൻ വ്യാപി പള്ളിയിൽ കുഴിച്ച് പരിശോധനയ്ക്കുൾപ്പെടെ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതോടെ സർവേ ആരംഭിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്. ആർക്കിയോളജിക്കൽ സർവേയുടെ 41 ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന രാവിലെ 7 മണി മുതൽ 12 മണി വരെയാണ്. നാല് ഹർജിക്കാരുടെ സാനിധ്യത്തിൽ സർവെ നടക്കുന്ന പള്ളിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡുകളിൽ ബാരിക്കേഡുകൾ വരെ സ്ഥാപിച്ചിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സർവേ തടയണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിക്ക് മസ്ജിദ് കമ്മിറ്റിഹർജി നൽകിയിട്ടുണ്ട്. അൻജുമൻ ഇൻതിസേമിയ മസ്ജിദ് കമ്മിറ്റി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡീന് മുൻപാകെയാണ് ഹർജി നൽകിയത്. പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി വിധി ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കുഴിച്ച് പരിശോധന പാടില്ലെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം മാനിച്ച് ആദ്യം സർവേ തടഞ്ഞെങ്കിലും സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.