ഡൽഹി : ഒളികാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ നഷ്ട പരിഹാരം തെഹൽക്ക നൽകണമെന്ന് ഡൽഹി ഹൈക്കോടതി. പ്രതിരോധ ഇടപാടിന്റെ ഭാഗമായി സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ തെഹൽക്ക കണ്ടെത്തിയത്. 2001 മാർച്ച് 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മേജർ എം എസ് അലുവാലിയക്ക് തെഹൽക്ക ഡോറ്റ്‌കോം, ഇതിന്റെ ഉടമയായ എം എസ് ബഫലോ കമ്മ്യൂണിക്കേഷൻസ്, പ്രൊപ്രൈറ്റർ തരുൺ തേജ്‌പാൽ, റിപ്പോർട്ടർമാരായ അനിരുദ്ധബഹൽ , മാത്യു സാമുവൽ എന്നിവരാണ് 2 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടത്. 2001 ൽ തെഹൽക്ക ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്നായിരുന്നു തെഹൽക്ക ആരോപിച്ചത്. കേസ് പരിഗണിച്ച നീന ബൻസാൽ സത്യസന്ധനായ ഒരു സൈനിക ഉദ്യോഗസ്ഥനെ കളങ്കപെടുത്തിയ ആരോപണമാണ് തെഹൽക്ക ചെയ്തതെന്ന് പറഞ്ഞു.
23 വർഷത്തിന് ശേഷം മാപ്പ് അപേക്ഷ ആവശ്യമുള്ളതല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരാളുടെ അഭിമാനം നഷ്ടപ്പെട്ടത് എത്ര കോടി നൽകിയാലും തിരിച്ച് പിടിക്കാനാവില്ലെന്ന് കോടതി വിമർശിച്ചു. അലുവാലിയയ്ക്ക് വേണ്ടി ഹാജരായ ചേതൻ ആനന്ദ് എന്ന അഭിഭാഷകൻ തെഹൽക്ക കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞു സൈനികനെ അപകീർത്തിപ്പെടുത്തിയെന്ന് വ്യക്തമാക്കി. അതെ സസമയം പ്രതിഭാഗം വാദിച്ചതെല്ലാം കോടതി തള്ളി. സത്യസന്ധനായ ഒരാളെ പണം വാങ്ങിയെന്ന് അപകീർത്തിപ്പെടുത്തുന്നതിലും വലുതായി ഒന്നുമില്ലെന്ന് കോടതി ശരി വച്ചു.

