ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അബു ഹുസൈനി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെന്ന വിവരം അറിയിച്ചത്. പുതിയ തലവൻ ചുമതലയേറ്റ വിവരവും ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ടെലഗ്രാമിലൂടെ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വിവരങ്ങൾ പുറത്തുവിട്ടത്.

ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ അഞ്ചാമത്തെ തലവൻ ആയിരുന്നു കൊല്ലപ്പെട്ട അബു ഹുസൈനി. ഇതിനു മുൻപുള്ള നാലുപേരും കൊല്ലപ്പെടുകയായിരുന്നു. അതേസമയം, അബു ഹുസൈനി കൊല്ലപ്പെട്ടത് എന്നാണ് എന്ന വിവരം വ്യക്തമല്ല. നേരത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ അബു ഹുസൈനിയെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.