തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്. ബുധനാഴ്‌ച്ച ഇതിന്റെ ഭാഗമായുള്ള സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്മാരെയും അംഗങ്ങളെയും നിയമിച്ച് കൊണ്ടുള്ള പട്ടിക മല്ലികാർജുൻ ഖാർഗെ പുറത്ത് വിട്ടു. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ്‌, എന്നീ സംസ്ഥാനങ്ങളിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെ സ്ക്രീനിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത് മുരളീധരനെയാണ്.

മഹാരാഷ്ട്രയിലെ ബാബ സിദ്ധിഖും ഗുജറാത്തിലെ ജിഗ്നേഷ് മേവാനിയും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. പി സി സി അധ്യക്ഷൻ രേവന്ത് റെഡ്‌ഡി, സഭാകക്ഷി നേതാവ് മല്ലു ഭട്ടി വിക്രമർക്ക, മാണിക്ക റാവു താക്കറെ, എൻ ഉത്തം കുമാർ റെഡ്‌ഡി എന്നിവരാണ് മറ്റ് അംഗങ്ങൾ. രാജസ്ഥാനിലെ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത് ആസ്സാമിൽ നിന്നുള്ള ഗൗരവ് ഗിഗോയിയെയാണ്. എക്സ് ഒഫീഷ്യോ അംഗങ്ങളായി അശോക് ഗഹ്ലോട്ട്, സച്ചിൻ പൈലറ്റ്, സി പി ജോഷി, സുഖ് ജിന്ദർ റൺധാവ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്.