60 കോടി വർഷം പഴക്കമേറിയ സമുദ്രത്തെ ഹിമാലയത്തിൽ കണ്ടെത്തി ശാസ്ത്രജ്ഞർ

ഹിമാലയത്തിന്റെ ഉയരങ്ങളിൽ 60 കോടി വർഷം മുൻപ് സ്ഥിതി ചെയ്തിരുന്ന സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജപ്പാനിലെ നിഗാത സർവകലാശാല, ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. സമുദ്രം അവശേഷിപ്പിച്ച ധാതുക്കളിൽ നിന്ന് കാൽഷ്യം കാർബണേറ്റ്, മഗ്നീഷ്യം കാർബണേറ്റ് തുടങ്ങിയവയുടെ തന്മാത്രകൾ കണ്ടെത്തി. ഐ ഐ എസ്സിലെ എർത്ത് സയൻസ് വിദ്യാർത്ഥി പ്രകാശ് ചന്ദ്ര ആര്യയാണ് ഗവേഷണം നടത്തിയത്.

ശാസ്ത്ര ജേർണലായ പ്രീകാമ്പിയനിൽ ഗവേഷണത്തിന്റെ ഫലം പ്രസിദ്ധീകരിച്ച് വന്നിരുന്നു. 50 കോടി മുതൽ 70 കോടി വർഷങ്ങൾ പഴക്കമുള്ള കട്ടിയായ മഞ്ഞു പാളികൾ കുറെ കാലം ഭൂമിയിൽ നിന്നെന്നും സ്നോ ബോൾ എർത്ത് ഗ്ലേസിയേഷൻ എന്നറിയപ്പെട്ടിരുന്ന ആ ഘട്ടം ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഗ്ലേഷ്യൽ സംഭവങ്ങളിൽ ഒന്നായിരുന്നെന്നും പഠനം പറയുന്നു. കൂടാതെ അതിനു ശേഷം ഓക്സിജൻ കൂടിയെന്നും ആ ഘട്ടത്തിലാണ് ജീവികൾ ഉടലെടുത്തതെന്നും കരുതപ്പെടുന്നതായും പഠനം കരുതുന്നു.

ഫോസിലുകളുടെ അഭാവവും കോടിക്കണക്കിന് വര്ഷം മുമ്പുള്ള സമുദ്രങ്ങളുടെ അപ്രത്യക്ഷമാവലും ഈ ഒരു തിരിച്ചറിവ് വൈകി ഉണ്ടാവുന്നതിന് കാരണമായി. ഹിമാലയത്തിൽ ഇനിയും ഇതിനെ ചുറ്റി പറ്റി വിവരം ലഭിക്കുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ലഭിച്ച വിവരങ്ങളിൽ നിന്ന് സമുദ്രം അമ്ല മയമാണോ ധാതു സമ്പുഷ്ടമായിരുന്നോ ചൂടായിരുന്നോ തണുവപ്പായിരുന്നോവെന്ന വിവരങ്ങൾ ഇനിയും കണ്ടെത്തേണ്ടതായുണ്ടെന്ന് ഗവേഷകൻ പ്രകാശ് ചന്ദ്ര പറയുന്നു.