ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ റോഡ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർനാഷണൽ ദിവ്യ പരിവാർ സൊസൈറ്റിയും ചാണക്യ വാർത്ത പരിവാറും ചേർന്ന് സെക്ടർ 9 എയിൽ സ്ഥാപിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൾച്ചറൽ സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റോഡ് പ്രവർത്തനക്ഷമമായാൽ, ദ്വാരകയിലെയും പഴയ ഗുരുഗ്രാം മേഖലയിലെയും നിവാസികൾക്ക് ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ ഉപയോഗിച്ച് രണ്ടു മണിക്കൂർ കൊണ്ട് സോഹ്ന വഴി ജയ്പൂരിലെത്താം. ഈ റോഡ് പദ്ധതിയും നഗര വിപുലീകരണ റോഡ് 2 (വടക്കൻ ഡൽഹിയിലെ അലിപൂർ മുതൽ മഹിപാൽപൂർ വരെ) അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നത് ഡൽഹി-ജയ്പൂർ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഏകദേശം 270 കിലോമീറ്ററാണ് ഡൽഹിയും ജയ്പൂരും തമ്മിലുള്ള ദൂരം. ഡൽഹി-ജയ്പൂർ ദേശീയ പാതയിലൂടെ മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് നിലവിലെ യാത്രാ സമയം.

