ചൂരൽ വടി കൊണ്ട് വിദ്യാർത്ഥിയെ അടിച്ചു; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും മന്ത്രി പരിശോധിച്ചിരുന്നു.

അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽ പി സ്‌കൂൾ അദ്ധ്യാപകൻ ബിനോജാണ് വിദ്യാർത്ഥിയെ അടിച്ചത്. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ അറസ്റ്റും രേഖപ്പെടുത്തി.