35 വർഷത്തിലേറെക്കാലമായുള്ള ആത്മബന്ധം; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ജയറാം

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി തനിക്കുണ്ടായിരുന്നത് 35 വർഷത്തിലേറെക്കാലമായുള്ള ആത്മബന്ധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലെ അംഗത്തെപോലെയായിരുന്നു താൻ. ഉമ്മൻ ചാണ്ടിയുടെ ലാളിത്യത്തേക്കുറിച്ച് താനായി ഒന്നും പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മൊത്തം അറിയുന്ന കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഉമ്മൻ ചാണ്ടി എത്തിയ നിമിഷങ്ങളെ കുറി്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

തന്റെ വിവാഹം നടന്നത് 1992 സെപ്റ്റംബർ ഏഴിനായിരുന്നു. എട്ടാം തീയതി എറണാകുളം ടൗൺഹാളിൽ ഒരു റിസപ്ഷനുണ്ടായിരുന്നു. ആറരമണിക്കായിരുന്നു എല്ലാവരേയും ക്ഷണിച്ചിരുന്നത്. നാലരയായപ്പോൾ ടൗൺഹാളിൽ നിന്ന് ഒരു വിളിവന്നു, ഒരാൾ വന്ന് കാത്തിരിക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ആരാണെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എംഎൽഎ ഉമ്മൻ ചാണ്ടി സാറാണെന്ന് മറുപടി ലഭിച്ചെന്നും ജയറാം പറയുന്നു. ‘ആ സമയത്ത് ടൗൺഹാൾ തുറന്നിട്ടില്ല. അതിന്റെ പടിക്കെട്ടിൽ രണ്ടരമണിക്കൂർ തങ്ങൾ വരുന്നതും കാത്തിരുന്ന് ആദ്യമായി എന്റെയും ഭാര്യയുടേയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു. ഇതുപോലെ എത്രയെത്രയോ മുഹൂർത്തങ്ങൾ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മകൻ ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയത് അദ്ദേഹത്തിന്റെ കൈകളിൽ നിന്നാണ്. ഈ പള്ളിയിൽത്തന്നെയാണ് പെരുന്നാളിന് അദ്ദേഹത്തിനൊപ്പം വന്നിട്ടുള്ളതെന്നും ജയറാം കൂട്ടിച്ചേർത്തു.