കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരാണ് അറസ്റ്റിലായത്. അബ്ദുൾ സലാം (18), ഷെരീഫ് (38), ആഷിർ (25), അയൂബ് പി.എച്ച് (45), പി.മുഹമ്മദ് കുഞ്ഞി (55) തുടങ്ങിയവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച വ്യക്തിയുമുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുർ ഐക്യദാർഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രവർത്തകൻ അബ്ദുൽ സലാമിനെയാണ് പുറത്താക്കിയത്. ഹൊസ്ദുർഗ് പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്താണ് പരാതി നൽകിയത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

