പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉത്പാദിപ്പിക്കും; നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബിയർ, വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകൾക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകൾക്ക് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർ ലൈസൻസ് പുതുക്കി നൽകും.

ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകൾക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും.

ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർദ്ധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫീസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് (FL-4) 50,000ൽ നിന്ന് 2,00,000 രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാന ബെവ്റിജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികൾ ഈ വർഷം പൂർത്തിയാക്കി, മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.