ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിനൊപ്പം ചേർന്ന് കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും അദ്ദേഹം മത്സരിക്കുകയെന്നാണ് വിവരം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കമൽ ഹാസൻ മത്സരിച്ചിരുന്നു.
ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് കമൽ ഹാസൻ പരാജയപ്പെട്ടത്. കമൽഹാസന് കോയമ്പത്തൂർ സീറ്റ് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്നാണ് എംഎൻഎമ്മിലെ ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ മക്കളോടു മയ്യം എന്ന സംസ്ഥാന തല പരിപാടി കമൽഹാസൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെത്തി പാർട്ടി നേതാക്കളുമായും കേഡർമാരുമായും ചേർന്ന് വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് മക്കൾ നീതി മയ്യം പദ്ധതിയിടുന്നത്. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് മക്കൾ നീതി മയ്യം കോയമ്പത്തൂർ ജില്ലാ ഘടകം കമൽ ഹാസനോട് ആവശ്യപ്പെട്ടിരുന്നു.

