പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന് വി എം സുധീരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഈ ഉപതിരഞ്ഞെടുപ്പിൽ മാത്രം മത്സരം ഒഴിവാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായ മകൻ ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇവിടെ സന്നിഹിതരായിട്ടുണ്ട്. എന്തുകൊണ്ട് നമുക്കൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചുകൂടായെന്ന് അദ്ദേഹം ചോദിക്കുന്നു. എന്തുകൊണ്ട് ജനാധിപത്യത്തിൽ ഒരു പുതിയ മാതൃക കൊണ്ടുവന്നുകൂടാ. ഉമ്മൻ ചാണ്ടി തന്റെ സ്‌നേഹം കൊണ്ട് കേരളത്തെ കെട്ടുവരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ആ സ്‌നേഹത്തിനു മുന്നിൽ രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല, വർഗവർണ വ്യത്യാസമില്ല. എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഈ സ്പിരിറ്റ് നിലനിർത്തണം എന്നാണ് എനിക്കു പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കുശേഷം വരുന്ന ഈ ഉപതിരഞ്ഞെടുപ്പിലെങ്കിലും മത്സരം ഒഴിവാക്കണം. അത്രയേ താൻ പറയുന്നുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പു വിവാദമില്ലാതെ, തിരഞ്ഞെടുപ്പില്ലാതെ എങ്ങനെ നമുക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ സാധിക്കുമെന്നു ചിന്തിക്കണം. ഇത് തന്റെ അഭ്യർഥന മാത്രമാണ്. സ്വീകരിക്കണോ എന്നു ചിന്തിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളാണ്. പക്ഷേ, ഇങ്ങനെയും കേരളത്തിൽ സാധിക്കും, ഇങ്ങനെയും രാഷ്ട്രീയത്തിൽ സാധിക്കും, രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെയും ചിന്തിക്കാൻ സാധിക്കും എന്നു നമുക്കു തെളിയിക്കാമെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.