മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതേസമയം, മുഖ്യമന്ത്രിയ്ക്ക് പരിക്കേറ്റിട്ടില്ല. നൂറുകണക്കിനാളുകൾ സ്ഥലം വളഞ്ഞായിരുന്നു ആക്രമണം നടന്നത്. തുറ നഗരത്തെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെട്ട് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ നിരാഹാര സമരം നടത്തിയിരുന്നു. ഇവരുമായി ചർച്ചയ്‌ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ആക്രമണം നടന്നത്. പ്രതിഷേധക്കാരോടു സാങ്മ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലേറ് നടത്തുകയായിരുന്നു.

തുറയെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് എസിഎച്ച്‌ഐകെ, ജിഎച്ച്എസ്എംസി തുടങ്ങിയ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ്. ശൈത്യകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താമെന്ന് സമരക്കാരോട് സാങ്മ പറഞ്ഞിട്ടുണ്ട്. മന്ത്രിമാരും മറ്റു തൽപരകക്ഷികളും ചർച്ചയിൽ പങ്കെടുക്കും.