കൊച്ചി : വസ്തു പുതുതായി വാങ്ങുമ്പോൾ കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമില്ലെന്ന ഉത്തരവിറക്കി ഹൈക്കോടതി.മുന്നാധാരമില്ലെന്ന കാരണത്താൽ കൈവശാവകാശം മാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം. പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥ് നിർണായകമായ ഉത്തരവ് നൽകിയത്.
ഒരാൾ അയാളുടെ കൈവശാവകാശം മാത്രമാണ് മാറ്റുന്നതെന്ന് പറഞ്ഞു കൊണ്ടാണ് കോടതിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ മുൻകാല ആധാരം ആവശ്യപ്പെട്ടു കൊണ്ടുള്ള രജിസ്‌ട്രേഷൻ നിഷേധം സബ് രജിസ്ട്രാർക്ക് സാധിക്കില്ല. എന്നാൽ മുന്നാധാരമില്ലാതെ രജിസ്‌ട്രേഷൻ നടക്കുമെങ്കിലും തർക്കമുണ്ടായാൽ മറ്റ് റവന്യു നടപടികൾ ബാധകമായേക്കുമെന്ന് കോടതി അറിയിച്ചു.