പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പ്രധാനമന്ത്രി മോദി പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഞങ്ങൾ ഇന്ത്യയാണെന്നും മിസ്റ്റർ മോദിക്ക് എന്ത് വേണമെങ്കിലും വിളിക്കാമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. കൂടാതെ മണിപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാൻ ഞങ്ങൾ സഹായിക്കുമെന്നും എല്ലാ ജനങ്ങൾക്കും സ്നേഹവും സമാധാനവും നൽകുമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കൂട്ടി ചേർത്തു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദിന്റെയും പേരിൽ ഇൻഡ്യയുണ്ടെന്നും അതോണ്ട് ഇന്ത്യ എന്ന പേരിട്ടതിൽ കഴമ്പ് ഇല്ലെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പരിഹാസം. പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്നും മോദി വിമർശിച്ചിരുന്നു.കഴിഞ്ഞയാഴ്ച്ച ബംഗളുരുവിൽ ചേർന്ന യോഗത്തിലാണ് ബി ജെപിക്കെതിരെയായി നിർമിച്ച കോൺഗ്രസ് സഖ്യത്തിന് ‘ ഇന്ത്യ ‘ യെന്ന് പേരിട്ടത്.