തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിൽ കോൺഗ്രസിൽ ഭിന്നത. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് നീരസമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ നിരന്തരം വേട്ടയാടിയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
വ്യക്തമായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ നേതൃത്വം തീരുമാനമെടുത്തത്. ഉമ്മൻ ചാണ്ടി ജീവിതകാലത്ത് ഉടനീളം സ്വീകരിച്ചിരുന്നത് ശത്രുക്കളോട് പോലും ക്ഷമിക്കുന്ന സമീപനമാണ്. ശത്രുക്കളേയും സ്നേഹിക്കുക എന്ന് വിശ്വസിച്ചിരുന്ന ഒരു വിശ്വാസിയായിരുന്നു അദ്ദേഹം. പിണറായി വിജയന് വേണ്ടിയും ഉമ്മൻ ചാണ്ടി പ്രാർത്ഥിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ടെങ്കിലും കോൺഗ്രസിന്റെ ഒരു സംസ്കാരത്തിന്റെ കൂടി ഭാഗമായാണ് മുഖ്യമന്ത്രിയെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിലേക്ക് ക്ഷണിച്ചത്. സന്ദർഭവശാൽ താൻ ഈ ചർച്ചകൾ നടക്കുമ്പോൾ അവിടെ സന്നിഹിതനായിരുന്നു. ആദ്യം വിഷയത്തിൽ വൈകാരികമായ ഒരു സമീപനമായിരുന്നു താനും സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് നേതൃത്വത്തിന്റെ തീരുമാനത്തിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

