കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ നടൻ ദിലീപ്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നും ദിലീപ് വ്യക്തമാക്കി. കേസിൽ കോടതിയുടെ കസ്റ്റഡയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കവെയാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്ന ആവശ്യവും ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചു.
അതേസമയം, മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി അറിയിച്ചു. ഹർജി കോടതി ജൂലൈ 31ന് പരിഗണിക്കും. അതിജീവിതയ്ക്കായി ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സൗകര്യം കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് 31-ാം തീയതിയിലേക്ക് മാറ്റിയത്.

