തിരുവനന്തപുരം : പ്രതിസന്ധിയിലായി വിഴിഞ്ഞം തുറമുഖ നിർമാണം. നിർമാണത്തിനാവശ്യമായ കല്ല് കൊണ്ട് വരുന്നതിന് കന്യാകുമാരിയിൽ നിരോധനം ഏർപെടുത്തിയതോടെയാണ് തുറമുഖ നിർമാണം നിന്ന് പോയത്. തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് കന്യാകുമാരി വഴിയാണ് കേരളത്തിലേക്ക് പാറകൾ കൊണ്ട് വരുന്നത്. എന്നാൽ തമിഴ്നാട് ജില്ലാ കളക്ടർ 10 ചക്രത്തിൽ കൂടുതലുള്ള വാഹനങ്ങളിൽ പാറയും മണലും കൊണ്ട് വരാൻ അനുവദിക്കില്ലെന്നും 28 ടണ്ണിലധികം ഭാരം വാഹനത്തിൽ കയറ്റരുതെന്നും പറഞ്ഞതോടെയാണ് നിർമാണം പാതി വഴിയിലായത്. 16 ചക്രമുള്ള വലിയ ലോറികളിൽ തിരുനെൽവേലിയിലെ പാറമടയിൽ നിന്ന് 4000 ടൺ പാറയാണ് തുറമുഖത്തിന്റെ പണികൾക്ക് എത്തിച്ചിരുന്നത്.
ചെറിയ ലോറിയിൽ തമിഴ് നാട്ടിൽ നിന്ന് കല്ല് എത്തിക്കുന്നത് പ്രയോഗികമല്ലാത്തതിനാൽ തുറമുഖ നിർമാണത്തെ ഇത് വലിയ രീതിയിൽ ബാധിക്കുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.സെപ്റ്റംബറിൽ തുറമുഖത്ത് ക്രെയിനുമായി ആദ്യ കപ്പലെത്തിക്കാനും അടുത്ത മേയിൽ തുറമുഖം പ്രവർത്തിപ്പിക്കാനുമുള്ള ലക്ഷ്യമാണ് ഇതോടെ തകരുന്നത്. എന്നാൽ കന്യാകുമാരിയിലെ ഗതാഗത തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് തമിഴ് നാട് മന്ത്രി മനോ തങ്കരാജ് പ്രതികരിച്ചു.

