ക്ഷണം സ്വീകരിച്ചു; മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാൻ സിപിഎം

കോഴിക്കോട്: മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാൻ സിപിഎം. സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉൾപ്പടെ എല്ലാ മത സംഘടനകളേയും സെമിനാറിലേക്ക് മുസ്ലിംലീഗ് ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചത്.

ബുധനാഴ്ച കോഴിക്കോട് വെച്ചാണ് ഏക സിവിൽ കോഡിനെതിരേ മുസ്ലിം കോർഡിനേഷന്റെ പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്ക് അധ്യക്ഷത വഹിക്കുന്നത്. ഏക സിവിൽകോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീംലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും സംഘടന ഇതിൽ പങ്കെടുത്തിരുന്നില്ല.

കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുസ്ലിംലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നത്.