തിരുവനന്തപുരം : കേരളത്തിൽ ചലച്ചിത്ര നയം രൂപീകരിക്കാൻ നിയോഗിച്ച പുതിയ കമ്മിറ്റിക്കെതിരെ വിമർശനവുമായി വിമൻ ഇൻ സിനിമ കളക്ടീവ് . സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട്, കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ മുൻകൈ എടുത്തതിനെ സംഘടന അഭിനന്ദിക്കുന്നെങ്കിലും അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതിയെ ഡബ്ല്യുസിസി വിമർശിക്കുകയാണ്. രൂപീകരണം നടപ്പിലാക്കിയ രീതി തങ്ങളെ ഏറെ നിരാശരാക്കുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചില ആശങ്കകൾ ഡബ്ല്യുസിസി പങ്കുവെച്ചു.
ഇതിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ തങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോർട്ടിലേത് പോലെ അതിന്റെ ശുപാർശകളും, അർത്ഥവത്തായ നിർദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങൾ, ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചു ഞങ്ങൾ ആവർത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ.
സിനിമാരംഗത്ത് എല്ലാവർക്കും തുല്യമായ ഇടം വളർത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുല്യമായ തൊഴിലിടം സൃഷ്ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂവെന്നും സംഘടന കൂട്ടിച്ചേർത്തു.

