പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാൻ എൽഡിഎഫിനോട് ആഹ്വാനം ചെയ്ത് കെ പി സി സി പ്രസിഡന്റ്‌

ഉമ്മൻചാണ്ടിയോടുള്ള ആദരവ് പ്രകാരം പുതുപ്പള്ളി മണ്ഡലത്തിൽ മത്സരം ഒഴിവാക്കി ഔചിത്യം കാണിക്കാൻ എൽഡിഎഫിനോട് ആവശ്യപ്പെട്ട് സുധാകരൻ. കെപിസിസി പ്രസിഡന്റിന്റെ ഈ പ്രസ്താവനയോടെ പുതുപ്പള്ളിയിൽ നിൽക്കേണ്ട സ്ഥാനാർഥി ആരെന്നുള്ള എൽഡിഎഫിന്റെ തീരുമാനങ്ങൾ സമ്മർദ്ദത്തിലാവുകയാണ്. എന്നാൽ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് ശേഷം ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പും സ്ഥാനാർഥിനിർണയവും ചർച്ചയായിരുന്നു.

സുധാകരന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇ പി ജയരാജൻ. അരാഷ്ട്രീയമായ നിലപാടാണ് സുധാകരന്റേതെന്നും കോൺഗ്രസ് ഇതുപോലെ മുൻപ് തീരുമാനമെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം മറു ചോദ്യം ചോദിച്ചു. അതേ സമയം പുതുപ്പള്ളിയിൽ നിന്നും കോൺഗ്രസ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി നിർത്താനാണ് തീരുമാനിക്കുന്നതെന്ന വാർത്തകളുണ്ട്. കോൺഗ്രസ് നാളെ തിരുവനന്തപുരത്ത് നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിനു ശേഷമേ സ്ഥാനാർഥി നിർണയതീരുമാനങ്ങൾ എടുക്കൂവെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഭൂരിപക്ഷം കുറവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം വരുന്ന തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.