തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി വിജ്ഞാപനം പുറത്തിറക്കി നിയമസഭ. ഇതിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് തീരുമാനം. 6 മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ 53 വർഷമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി.
സാധാരണ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണ് ചെയ്യാറുള്ളത്.

