ബാലസോർ ട്രെയിൻ ദുരന്തം: കാരണം വിശദമാക്കി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ കാരണം വിശദമാക്കി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അപകടത്തിന് പിന്നിലെ ഒരു കാരണം നോർത്ത് സിഗ്‌നൽ സ്റ്റേഷനിൽ മുൻപ് നടത്തിയ സിഗ്നലിംഗ് സർക്യൂട്ട് സംവിധാനത്തിലെ പിഴവാണ്. ലെവൽ ക്രോസിംഗിനായി പണി നടക്കുമ്പോൾ സിഗ്നലിംഗ് ജോലികൾ നിർവഹിച്ചതിലും പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് തെറ്റായ ലൈനിന് പച്ച സിഗ്നൽ നൽകുകയും നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി ട്രെയിൻ കൂട്ടിയിടിക്കുന്നതിന് കാരണമാകുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ച 295ൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.