തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കലാ – കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് വ്യക്തമാക്കി സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സർക്കുലർ പുറത്തിറക്കിയത്. വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് കമ്മീഷൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ എല്ലാ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും ഈ സർക്കുലർ ലഭ്യമാക്കണമെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ കലാ – കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. ഇങ്ങനെ കലാ – കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ ആരോപിച്ചിരുന്നു.

