കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചന യോഗത്തിന് ശേഷമായിരിക്കും കോൺഗ്രസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകും എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ, ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷം. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ. വിജ്ഞാപനം പുറത്തിറക്കി. ഇതിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് തീരുമാനം. 6 മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ 53 വർഷമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി.

