ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ; ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മാളികപ്പുറം സിനിമയിൽ അഭിനയിച്ച ബാലതാരം ദേവനന്ദ. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂവെന്നും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ദേവനന്ദയുടെ പ്രതികരണം.

പുരസ്‌കാര ജേതാക്കൾക്ക് ദേവവന്ദ അഭിനന്ദനം അറിയിക്കുകയും ചെയ്തു. പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നുവെന്ന് ദേവനന്ദ ഫേസ്ബുക്കിൽ കുറിച്ചു. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നായിരുന്നു ഉയർന്ന വിമർശനങ്ങൾ. ഈ സാഹചര്യത്തിലാണ് ദേവനന്ദ പ്രതികരണവുമായി രംഗത്തെത്തിയത്.

തന്മയ സോൾ, മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ് ഈ വർഷത്തെ ബാലതാരങ്ങൾക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം നേടിയത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രമാണ് തന്മയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.