ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു പോയെന്ന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) അറിയിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 2008 മുതൽ 2012 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ നിർണായക രേഖകളാണ് നഷ്ടമായതെന്നാണ് ബാങ്ക് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്.
റിയൽ എസ്റ്റേറ്റ് ഇടപാടിൽ റോബർട്ട് വദ്രയ്ക്കെതിരേയും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കെതിരെയുമുള്ള പരാതിയിന്മേലാണ് അന്വേഷണം നടക്കുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് അഴിമതി ആരോപണം ഉയർന്നു വന്നത്. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയൽറ്റി എന്നിവയുടെ നിർണായക രേഖകൾ നശിപ്പിക്കപ്പെടാൻ കാരണമെന്തെന്ന് അന്വേഷിക്കാൻ ന്യൂഡൽഹിയിലെ ബാങ്കിന്റെ ന്യൂ ഫ്രണ്ട്സ് കോളനി ബ്രാഞ്ചിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
2018 സെപ്റ്റംബർ ഒന്നിനാണ് കേസ് സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. ഹൂഡ, വദ്ര, റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫ്, ഓങ്കാരേശ്വർ പ്രോപ്പർട്ടീസ്, സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റീസ് എന്നിവയ്ക്കെതിരെയാണ് ഹരിയാന സർക്കാർ അന്വേഷണം നടത്തുന്നത്. ഭൂമി ഇടപാട് സംബന്ധിച്ച കരാറിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

