തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിൽ പ്രതികരണവുമായി നടി വിൻസി അലോഷ്യസ്. പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമ കേരളം മുഴുവൻ അറിഞ്ഞതിൽ സന്തോഷമുണ്ട്. ഈ അവാർഡ് ആഗ്രഹിച്ചിരുന്നുവെന്നും വിൻസി പ്രതികരിച്ചു.
സംവിധായകൻ ലാൽ ജോസിന് വിൻസി നന്ദി അറിയിക്കുകയും ചെയ്തു. റിയാലിറ്റി ഷോയിലൂടെ ലാൽജോസ് പിടിച്ചുകയറ്റിയതുകൊണ്ടാണ് ഇവിടെ എത്തിയതെന്നും വിൻസി കൂട്ടിച്ചേർത്തു. ഉത്തര കേരളത്തിലെ ഒരു നാട്ടിൻപുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവവിശേഷങ്ങളും പ്രണയവും, പ്രതിരോധവും, തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന് പുരസ്‌കാരം എന്നാണ് രേഖയിലെ വിൻസിയുടെ അഭിനയത്തെ ജൂറി വിശേഷിപ്പിച്ചത്. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

