ബിജെപി ഉയർത്തിപ്പിടിക്കുന്ന ആശയത്തോടാണ് തനിക്ക് പ്രതിബദ്ധത; ഇത് തന്റെ കൂടി പാർട്ടിയാണെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ. ഇത് തന്റെ കൂടി പാർട്ടിയാണെന്നും മുന്നോട്ടുള്ള വഴിയിൽ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാൽ അത് എടുത്തുമാറ്റി മുന്നോട്ടുപോകാൻ തനിക്ക് അറിയാമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന് അവസരം നൽകുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നടന്ന തർക്കത്തേക്കുറിച്ച് പ്രതികരിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

ബിജെപി ഉയർത്തിപ്പിടിക്കുന്ന ആശയത്തോടാണ് തനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയിൽ ആരെങ്കിലും തടസം സൃഷ്ടിച്ചാൽ അത് എടുത്തുമാറ്റി മുന്നോട്ടുപോകാൻ അറിയാം. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികൾ കേരളത്തിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് താൻ. അത് തുടരുകയും ചെയ്യും. ഇനി താൻ റോഡിലാണ്, ബൂത്തുതല പ്രവർത്തകരോടൊപ്പമാണെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു.

ഇത് തന്റെ കൂടി പാർട്ടിയാണ്. അല്ലെന്ന് വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ആ വെള്ളം വാങ്ങിവെച്ചേക്കണമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ശോഭാ സുരേന്ദ്രനെ കോഴിക്കോട്ട് നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് BJP KOZHIKODE DIST എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് തർക്കം നടന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവർത്തിക്കുന്നവർക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുമോ? എതിരാളികൾക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം തുടങ്ങിയ പരാമർശങ്ങളാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.