തിരുവനന്തപുരം: മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് നേട്ടത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. പ്രത്യേക ജൂറി അവാർഡ് നേട്ടം അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ സുവർണ വർഷമാണ് 2021. ‘ന്നാ താൻ കേസ് കൊട്’ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സാമൂഹ്യപരവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളിൽ നോക്കിയാലും സിനിമ ചർച്ചയായി. അതിൽ ചില വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർഥ്യം മനസിലാക്കി കണ്ട പ്രേക്ഷക സമൂഹം, അല്ലെങ്കിൽ രാഷ്ട്രീയ പ്രബുദ്ധതയുള്ള ആൾക്കാരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. അതിനാൽ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു.
വിവാദങ്ങൾ നമ്മുടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയായിട്ട് സിനിമയിൽ സംഭവിക്കാറുണ്ട്. അത് ചിലപ്പോൾ അറിഞ്ഞുകൊണ്ടാകാം. അറിയാതെയാകാം. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നയാളാണ് താൻ. സിനിമകൾ മാത്രം സ്വപ്‌നം കാണുന്ന വ്യക്തിയായി മാറിയിരിക്കുന്നു താൻ. അവാർഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. അതിന്റെ ഒരു സന്തോഷവും ഉണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് എല്ലാവരും. അതുകൊണ്ടുതന്നെ എല്ലാവരുടെയും അംഗീകാരം തനിക്കുമുള്ളതാണ്. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. മലയാളത്തിൽ നിന്ന് ക്വാളിറ്റിയും കലാമൂല്യമുള്ളതുമായ ഒട്ടനവധി സിനിമകൾ ഉണ്ടാകുന്നുവെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

