കൊച്ചി: പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്. കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനാണ് പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ചത്. കോടതിയിൽ റവന്യൂവകുപ്പ് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. മിച്ചഭൂമി കേസിൽ 3 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് റവന്യു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഒക്ടോബർ 18 വരെ നടപടികൾക്ക് ഹൈക്കോടതി സാവകാശം അനുവദിച്ചു. ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ശേഷമാണ് ഹൈക്കോടതി നടപടികൾക്ക് സാവകാശം അനുവദിച്ചത്. താലൂക്ക് ലാൻഡ് ബോർഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.
മിച്ചഭൂമി തിരിച്ചു പിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയിരിക്കുന്നത്.

