കോട്ടയം: ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉമ്മൻചാണ്ടിയെ മനസ്സിലേക്ക് കുടിയിരുത്തുകയാണ് ചെയ്തതെന്നും വന്നവരെല്ലാം അദ്ദേഹത്തിന്റെ ഒരു പതിപ്പ് തങ്ങളുടെ മനസ്സിൽ പതിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനിക്കും. പുതുപ്പള്ളി എത്തുന്നിടംവരെ എത്തിച്ചേർന്ന ജനങ്ങളുടെ സാന്നിധ്യംമൂലം താൻ വിഷമം അറിഞ്ഞിരുന്നില്ല. പുതുപ്പള്ളിക്കാരുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. തന്റെ നഷ്ടം പോലെ തന്നെ അത് നികത്താൻ കഴിയാത്തതാണെന്നും അദ്ദേഹം അറിയിച്ചു.
ഇനി ഒരു ഉമ്മൻചാണ്ടി ഇല്ല. ഉമ്മൻചാണ്ടിയുടെ വിടവ് നികത്താൻ ആർക്കു സാധിക്കും എന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. നിലവിൽ താൻ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയാണ്. നാഷണൽ ഔട്ട്റീച്ച് സെല്ലിന്റെ ചെയർമാനാണ്. അതാണ് പാർട്ടി തന്നെ ഏൽപിച്ചിരിക്കുന്ന ദൗത്യം. അത് താൻ ചെയ്യും. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനാകണം എന്ന് പാർട്ടി പറഞ്ഞാൽ, എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് അങ്ങനെയൊരു തീരുമാനമില്ലല്ലോ, അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം മറുപടി പറഞ്ഞു.

