തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത്കെയർ അവാർഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണൽ ഹെൽത്ത്കെയർ അവാർഡ് ലഭിച്ചത്. പബ്ലിക് ഹെൽത്ത് എക്സലൻസ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ ഹെൽത്ത്ടെക് ഇന്നവേഷൻ കോൺക്ലേവിൽ അവാർഡ് സമ്മാനിക്കും. ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരവും സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നൽകിയത്. കഴിഞ്ഞ ഒറ്റവർഷം ആറര ലക്ഷത്തോളം ആൾക്കാർക്ക് സൗജന്യ ചികിത്സ നൽകാനായി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നൽകുന്നതിനായി 612 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ താങ്ങായത് 14 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവിൽ ചെലവഴിച്ചത്. ഡയാലിസിസിനായി 1.4 ലക്ഷം പേർക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37427 പേർക്ക് 181 കോടി രൂപയുടെയും ധനസഹായം നൽകി. ക്യാൻസർ ചികിത്സയ്ക്കായി 69842 ഗുണഭോക്താക്കൾക്ക് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7707 ഗുണഭോക്താക്കൾക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്. കോവിഡ് രോഗബാധിതരായ 3600 ഓളം പേർക്കാണ് ചികിത്സാ ധനസഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

