തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ തയ്യാറാക്കുന്നത്. ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.
ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത എത്രത്തോളം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വിലാപയാത്ര. മറ്റൊരു രാഷ്ട്രീയ നേതാവിനും ഇത്ര വൈകാരികമായൊരു യാത്രയയപ്പ് കേരള ജനത നൽകിയിട്ടില്ല. ജനഹൃദയങ്ങളിലേറിയാണ് ജനനായകന്‍റെ അന്ത്യയാത്ര. കണ്ണീരണിഞ്ഞാണ് ഓരോ മലയാളിയും അദ്ദേഹത്തിന് യാത്രാമൊഴി നൽകുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തുന്നത്.
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷനും പറഞ്ഞു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുന്നത്.

