ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിനെതിരെ കേസ്. ഡൽഹി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഖ്യത്തിൽ ഉൾപ്പെട്ട 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യ എന്ന പദം അനുചിതമായും അന്യായമായ സ്വാധീനത്തിനായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. അവിനിഷ് മിശ്ര എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആർജെഡി, ജെഎംഎം, എൻസിപി ശരദ് പവാർ വിഭാഗം, എൻസി, പിഡിപി, സിപിഎം, സിപിഐ, ആർഎസ്പി, ശിവ സേന (യുബിടി), എസ്പി, ആർഎൽഡി, അപ്ന ദൾ, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാർട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേര് നൽകിയതിലൂടെ 26 പാർട്ടികൾ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പിൽ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ പാർട്ടികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എംബ്ലം ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

