തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാനായി ജന ലക്ഷങ്ങളാണ് പല ജില്ലകളിലെയും തെരുവോരങ്ങളിൽ കാത്ത് നിന്നത്. 28 മണിക്കൂറോളം പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിൽ എത്തി ചേർന്നത്. വിലാപയാത്ര ഒരു ദിവസം പിന്നിട്ടപ്പോഴും റോഡുകളിൽ ജനസാഗരം തന്നെയായിരുന്നു. താൻ മുൻപ് എന്നും യാത്ര ചെയ്ത ഇനി ഒരിക്കലും തിരിച്ച് വരാത്ത വഴികളിലൂടെയുള്ള അവസാനയാത്ര ഏവരുടെയും കണ്ണുകളിൽ ഈറനണിയിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് ഭൗതിക ശരീരം കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. രാവിലെ 9 മണിയോടെ സിനിമ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനുമെല്ലാം പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തി. നിർമാതാവ് ആന്റോ ജോസഫിനും പിഷാരടിക്കുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. മാനുഷിക മുഖവും ഭാവവുമുള്ള അവസാന നേതാവാണ് ഉമ്മൻചാണ്ടിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവരെക്കൂടാതെ കോൺഗ്രസ് നേതാക്കൾ, സി പി എം നേതാക്കൾ തുടങ്ങിയവർ സംസകാര ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുനക്കരയിലെ പൊതു ദർശനത്തിന് ശേഷമാകും പുതുപ്പള്ളിയിലേക്ക് കൊണ്ട് പോകുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളിയിൽ പ്രത്യേകമൊരുക്കിയ ഖബറിടത്തിൽ വൈകിട്ട് 3 .30 ന് സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
2023-07-20

