മണിപ്പൂരിൽ നടന്നത് ഗുരുതരമായ ഭരണഘടനാ ലംഘനം; കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരിൽ നടന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണിത്. സംഭവത്തിൽ കുറ്റവാളികളെ പിടികൂടാനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണം. വീഡിയോയിൽ കണ്ടതത്രയും ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. കാൻഗ്‌പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.