ഡെറാഡൂൺ: ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 17 മരണം. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ അളകനന്ദ നദീതീരത്താണ് സംഭവം. അളകനന്ദ നദിക്ക് കുറുകേ നമാമി ഗംഗേ പദ്ധതിപ്രകാരം നിർമിച്ച പാലത്തിലുണ്ടായിരുന്നവരാണ് ട്രാൻഫോമർ പൊട്ടിത്തെറിച്ചപ്പോൾ മരണപ്പെട്ടത്. 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ രണ്ടുപേരെ എയിംസിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരെ ചമോലിയിലെ ഗോപേശ്വർ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒരു പോലീസ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പാലത്തിന്റെ കൈവരിയിലൂടെ വൈദ്യുതി കടന്നുപോയതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും പോലീസ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

