രാജ്യത്ത് ഭാരത് എൻസിഎപി എന്നറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം ആരംഭിക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഒക്ടോബർ 1 മുതലാണ് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റുകൾക്ക് തുടക്കം കുറിക്കുന്നത്. ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ സുരക്ഷാ റേറ്റിംഗുകൾ നേടുന്നതിന് ഇനി ഈ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ഭാരത് എൻസിഎപി പരീക്ഷിക്കുംമാരുതി സുസുക്കി, ടൊയോട്ട മോട്ടോർ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്‌കോഡ, കിയ തുടങ്ങിയ കാർ നിർമ്മാതാക്കൾ ഭാരത് എൻസിഎപിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഭാരത് എൻസിഎപിക്ക് കീഴിൽ, കാറുകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ക്രാഷ് ടെസ്റ്റ് ചെയ്യപ്പെടുകയും അവയുടെ ഫലങ്ങൾ അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വരെ റേറ്റുചെയ്യുകയും ചെയ്യും. ക്രാഷ് ടെസ്റ്റുകളിൽ 60 കിലോമീറ്ററിലധികം വേഗതയിൽ ഫ്രണ്ട്, സൈഡ്, പോൾ സൈഡ് ഇംപാക്ടുകൾ ഉൾപ്പെടും. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഏജൻസി വാഹനങ്ങളെ റേറ്റുചെയ്യുന്നതാണ്.
ഭാരത്-എൻസിഎപി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട വ്യക്തമാക്കിയത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കായി വ്യവസായം മുൻകൈയെടുക്കുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾക്കായി ഉപഭോക്താക്കൾക്കിടയിൽ അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് രാജ്യത്ത് പുരോഗതിക്കും പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതിനും കൂടുതൽ പ്രചോദനം നൽകുന്നുവെന്നും ടൊയോട്ട പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

