ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനിൽ നടത്തില്ലെന്ന നിലപാടുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മത്സരങ്ങൾ നേരത്തെ ശ്രീലങ്കയിൽ വച്ച് നടത്താമെന്ന് ഇവർ സമ്മതിച്ചിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത് മത്സരങ്ങളെല്ലാം പാകിസ്ഥാനിൽ വച്ച് നടത്തണമെന്നാണ്. ഇന്ത്യ ഏഷ്യ കപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ പോകില്ല എന്ന് ബി സി സി ഐ പറഞ്ഞതോടെയാണ് പാകിസ്ഥാൻ ഹൈബ്രിഡ് മോഡലുമായി രംഗത്തെത്തിയത്. ഏഷ്യ കപ്പിലെ 4 മത്സരം പാകിസ്താനിലും ബാക്കി മത്സരം ശ്രീലങ്കയിൽ നടത്താമെന്നുമായിരുന്നു ഹൈബ്രിഡ് മോഡലിലെ ധാരണ.
ഇന്ത്യയുമായി നടത്തുന്ന മത്സരങ്ങൾ പാകിസ്ഥാന് പുറത്ത് നടത്താമെന്ന വാക്ക് ഇപ്പോൾ മാറ്റിയതോടെ ഓഗസ്റ് 31 മുതൽ സെപ്തംബർ 17 വരെയുള്ള ഏഷ്യ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ ആവശ്യപ്രകാരം കളി നടത്തുമ്പോൾ പാകിസ്ഥാനിൽ 4 കളി മാത്രമാകുമെന്നതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഇന്ത്യ ഏഷ്യ കപ്പ് കളിയ്ക്കാൻ പാകിസ്ഥാനിൽ പോയില്ലെങ്കിൽ തിരിച്ചവരും ഇന്ത്യയിലേക്ക് വരില്ലെന്ന് പാക്ക് സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.

