തിരുവനന്തപുരം: ബിജെപിക്ക് അവസരം ലഭിച്ചാൽ തീരദേശ ജനതയുടെ വികസനം ഉറപ്പാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടതു വലതു മുന്നണികൾക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് എം പി നാളെ നടത്തുന്ന സത്യാഗ്രഹം വെറും നാടകം മാത്രമാണ്. കോൺഗ്രസിന് എട്ട് എംപിമാർ ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. അതേസമയം, മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് വിദഗ്ധ സംഘം എത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് പ്രദേശത്ത് എത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സർക്കാരുമായും കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹാർബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും വി മുരളീധരൻ വിശദീകരിച്ചു.

