ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുംകോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(73) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25 ന് ബംഗളുരുവിൽ ചകിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടിയുടെ അന്ത്യ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത് മകനാണ്. 2004 -2006 ,2011 -2016 കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 50 വർഷത്തോളം പുതുപ്പള്ളി മണ്ഡലത്തിലെ എം എൽ എ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച 2 .30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. ഭൗതിക ശരീരം ഇന്ന് വിമാനമാർഗം ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തു എത്തിച്ച ശേഷം കെ പി സി സി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതു ദർശനത്തിന് വയ്ക്കും. മുൻ മന്ത്രിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ട് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
1943 ഒക്ടോബർ 31 ന് ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കുമാരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എം ഡി സ്കൂൾ, സെൻറ് ജോർജ് ഹൈസ്കൂൾ, കോട്ടയം സി എം എസ് കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളേജ്,എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭാസം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി തുടങ്ങിയ ജന സമ്പർക്ക പരിപാടിക്ക് യു എൻ പുരസ്കാരം വരെ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നിയമസഭാ സാമാജികൻ ആയിരുന്നതിന്റെ റെക്കോർഡ് ഉമ്മൻചാണ്ടിക്ക് സ്വന്തമാണ്. കേരളത്തിന് ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജന നായകനെയാണ്.

