നിർധനരായ കിടപ്പുരോഗികൾക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി; ‘ആശ്വാസം’ പദ്ധതി ഇനി തിരുവനന്തപുരത്തും

തിരുവനന്തപുരം: നിർധനരായ കിടപ്പുരോഗികൾക്ക് വേണ്ടി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ആശ്വാസം’ പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ജൂലൈ 26 ന് നടക്കും. വെട്ടിയാട് എം ജി എം സ്‌കൂളിൽ മന്ത്രി ജി ആർ അനിലാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുന്നത്.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർധനരായ കിടപ്പ് രോഗികൾക്കും അവരെ ശുശ്രുഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങൾക്കാണ് സഹായം ലഭിക്കുക.

തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഉദ്ഘാടന സമ്മേളനത്തിൽ ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കൈമാറും.