ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന എൻഡിഎ വിശാലയോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സഖ്യകക്ഷികൾക്ക് പുറമേ പുതിയ ഏതാനും കക്ഷികളേയും യോഗത്തിലേക്ക് എൻഡിഎ ക്ഷണിച്ചിട്ടുണ്ട്. ജെ പി നദ്ദയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അധ്യക്ഷതയിലാണ് എൻഡിഎ യോഗം ചേരുന്നത്.
ഡൽഹിയിലെ അശോക് ഹോട്ടലിൽ ചൊവ്വാഴ്ച വൈകീട്ടാണ് യോഗം ചേരുക. പാർലമെന്റിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയേയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയേയും സഖ്യത്തിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ. ഒ പി രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ് ബി എസ് പി, ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ), ഉപേന്ദ്ര കുശ്വാഹയുടെ ആർ എൽ എസ് പി എന്നിവരും യോഗത്തിൽ പങ്കുചേരും.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി തുടങ്ങിയവരും അജിത് പവാറും പ്രഫുൽ പട്ടേലും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയകാര്യസമിതി ചെയർമാൻ നദേന്ദ്ല മനോഹറും യോഗത്തിൽ പങ്കെടുക്കും.

