മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ; 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു

ന്യൂഡൽഹി: മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദേശീയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ആന്റി നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സും പിടിച്ചെടുത്ത 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലായിരുന്നു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോ ലഹരിവസ്തുക്കളാണ് കേന്ദ്ര സർക്കാർ നശിപ്പിച്ചത്. എൻസിബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഇന്ദോർ യൂണിറ്റ് 822 കിലോയും, ജമ്മു യൂണിറ്റ് 356 കിലോയും ലഹരിമരുന്നുകളും പിടിച്ചെടുത്തു. അസമിൽ 1,486 കിലോ, ചണ്ഡിഗഢിൽ 229 കിലോ, ഗുജറാത്തിൽ 4,277 കിലോ, ഹരിയാനയിൽ 2,458 കിലോ, ജമ്മു കശ്മിരിൽ 4,069 കിലോ, മധ്യപ്രദേശിൽ 1,03,884 കിലോ, മഹാരാഷ്ട്രയിൽ 159 കിലോ, ത്രിപുരയിൽ 1,803 കിലോ, ഉത്തർപ്രദേശിൽ 4,049 കിലോ ലഹരിവസ്തുക്കളാണ് എൻസിബി നശിപ്പിച്ചത്.

മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡൽഹിയിൽ മേഖലാസമ്മേളനം ചേർന്നു. അമിത് ഷായാണ് ഈ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.