ബഹിരാകാശ യാത്രയിൽ ഒരു പുതിയ അദ്ധ്യായം; ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്നാഭിലാഷങ്ങളെ സാക്ഷാത്കരിച്ചുകൊണ്ട് ചന്ദ്രയാൻ-3 ഉയരത്തിലേക്ക് കുതിക്കുകയാണ്. രാജ്യത്തിന്റെ ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞർ നൽകിയ പൂർണമായ അർപ്പണമനോഭാവത്തിന്റെ തെളിവാണ്. അവരുടെ ആത്മാർത്ഥതയെയും ഊർജ്ജസ്വലതയെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം നടന്നത്. ചന്ദ്രയാനിന്റെ റോവർ ഈ വരുന്ന ഓഗസ്റ്റ് 24 ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ എസ് ആർ ഓ യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി എസ് എൽ വി മാർക്ക് 3 എന്ന എൽ വി എമ്മാണ് ചന്ദ്രയാൻ അതിന്റെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.പേടകം ആദ്യം ഭൂമിയെ സ്വയം ചുറ്റി ഭ്രമണപഥം ഉയർത്തും. പിന്നീട് 6 ദിവസങ്ങൾക്ക് ശേഷമായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്.പേടകത്തിന് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്താൻ 40 ദിവസം സഞ്ചരിക്കേണ്ടി വരും. ശേഷം ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതിനു ശേഷമാണ് അതിലെ റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ പരീക്ഷണം നടത്തുന്നത്.