നിർദ്ദേശക തത്വങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യം; ഏക സിവിൽ കോഡിന് പിന്തുണയുമായി വനിത കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: ഏക സിവിൽ കോഡിന് പിന്തുണയുമായി വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതിദേവി. ഏക സിവിൽ കോഡ് ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യമാണെന്ന് സതിദേവി വ്യക്തമാക്കി. രാജ്യത്ത് ജനങ്ങളുടെ ജീവിതത്തിനായി സാമ്പത്തികവും സാമൂഹ്യവുമായ സമത്വം കൈവരിക്കണമെന്ന് ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ള കാര്യമാണെന്നും സതിദേവി വ്യക്തമാക്കി. ഭാവി ഭാരതം എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഭരണഘടന നിർമ്മാതാക്കൾ അന്ന് ലക്ഷ്യമിട്ടതെന്നും സതിദേവി അറിയിച്ചു.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സമുദായങ്ങൾക്കിടയിലുള്ള വിവേചനപരമായ നിയമങ്ങൾക്ക് അറുതി വരുത്തണം. ഇത് എങ്ങനെ സാധിക്കുമെന്നുള്ള ഗൗരവകരമായ പരിശോധന ആവശ്യമാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടത് വിവിധ സമുദായങ്ങൾക്കിടയിലെ സ്ത്രീ -പുരുഷ അസമത്വങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ട് വേണം. ആ ലക്ഷ്യത്തിലേക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുതയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.